
മുംബൈ: മഹാരാഷ്ട്രയിലെ എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള ലയന നീക്കങ്ങൾ അന്തിമ ഘട്ടത്തിലേക്കെന്ന് സൂചന നൽകി മന്ത്രി സഞ്ജയ് ശ്രീസത്. ഇരു വിഭാഗങ്ങളിലെയും നേതാക്കളുടെ സ്ഥാനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറുമായി അജിത് പവാർ വിഭാഗം നേതാക്കൾ ലയന ചർച്ചകൾ തുടരുന്നതിനിടെയാണ് ശിവസേന നേതാവിന്റെ പ്രതികരണം.
അതിനിടെ, ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ മകനും രാജ്യസഭാ എംപിയുമായ പാർഥ് പവാർ തുടർച്ചയായ രണ്ടാം ദിവസവും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ശരദ് പവാറിന്റെ വസതിയിലെത്തിയ പാർഥ് ഏകദേശം രണ്ട് മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ശനിയാഴ്ചയും ഇരുവരും സമാനമായ രീതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർഥുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ശരദ് പവാറും എൻസിപി (എസ്പി)യിലെ മുതിർന്ന നേതാക്കളും പ്രത്യേക യോഗം ചേർന്നു. ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ, അമോൽ കോൽഹെ, അനിൽ ദേശ്മുഖ്, ജിതേന്ദ്ര അവാദ് എന്നിവർ പങ്കെടുത്ത യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. അജിത് പവാർ വിഭാഗവുമായുള്ള ലയന ചർച്ചകളിൽ പങ്കാളികളായ നേതാക്കളാണ് ഇവർ.
എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ വ്യാഴാഴ്ച മുംബൈയിൽ ശരദ് പവാറിനെ സന്ദർശിച്ചതോടെയാണ് ലയന അഭ്യൂഹങ്ങൾ ശക്തമായത്. നവംബർ പത്തിനു ശേഷം സംസാരിക്കാമെന്ന് സൂചിപ്പിക്കുന്ന ഇരുവരുടെയും സംഭാഷണത്തിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ ആശുപത്രിയിൽവച്ച് രാഷ്ട്രീയ ചർച്ചകൾ നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നവംബർ പത്തിനു ശേഷം ശരദ് പവാറിന്റെ വസതിയിൽവച്ച് കാണാമെന്നാണ് പറഞ്ഞതെന്നും പ്രഫുൽ പട്ടേൽ പിന്നീട് വിശദീകരിച്ചു. ശരദ് പവാർ മുതിർന്ന നേതാവാണെന്നും സംസ്ഥാനത്തെയും രാജ്യത്തെയും അദ്ദേഹം തുടർന്നും നയിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും പട്ടേൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതും പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പ്രഫുൽ പട്ടേൽ, സുനിൽ താട്കറെ, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, സമീർ ഭുജ്ബൽ എന്നിവരാണ് അമിത് ഷായെ കണ്ടത്. പാർട്ടി അധ്യക്ഷ സുനേത്ര പവാറിന്റെ അറിവില്ലാതെയായിരുന്നു ഈ നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൻസിപിയിൽ ആഭ്യന്തര ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായി.
പാർഥ് പവാറിന്റെ തുടർച്ചയായ കൂടിക്കാഴ്ചകൾ, ശരദ് പവാറിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾ, പ്രഫുൽ പട്ടേലിന്റെ പ്രതികരണം എന്നിവയെല്ലാം എൻസിപി വിഭാഗങ്ങളുടെ ലയനസാധ്യത വീണ്ടും സജീവ ചർച്ചയാക്കിയിരിക്കുകയാണ്. എന്നാൽ ലയന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.










